Friday, 30 September 2011

രണ്ടാം ലക്കത്തെക്കുറിച്ച്...

അക്ഷരശലഭങ്ങളുടെ രണ്ടാം ലക്കമാണ്‌ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒരു കവിതയും 7 കഥകളുമാണ്‌ ഈ ലക്കത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ഓരോ മാസങ്ങളും ഓരോ ലക്കങ്ങളായിട്ടാണ്‌ കണക്കാക്കിയിരിക്കുന്നത്.

അക്ഷരങ്ങളിലൂടെ പിച്ചവെക്കുന്ന ഈ കുഞ്ഞു ശലഭങ്ങളെ പ്രോത്സാഹിപ്പിക്കുമല്ലൊ. നിങ്ങളുടെ ഒരൊ അഭിപ്രായങ്ങളും ഈ കുഞ്ഞുങ്ങൾക്ക് നല്കാവുന്ന് ഏറ്റവും വലിയ അംഗീകാരവുമാണ്‌.

ഈ കുഞ്ഞുമാലാഖമാരെക്കുറിച്ച് നിങ്ങൾക്കിവിടെ വായിക്കാം..

Thursday, 29 September 2011

വാത്സല്യം പെയ്തിറങ്ങിയ സന്തോഷം


ആകാശത്ത് താരകങ്ങളുടെ ആഘോഷത്തിമിര്‍പ്പ് .ജലാശയങ്ങളില്‍ മത്സ്യങ്ങളുടെ ഉല്ലാസ നീരാട്ട് .വനാന്തരങ്ങളില്‍ നൃത്തച്ചുവടുവെക്കുന്ന മയിലിനെയും സംഗീതത്തിന്റെ അനുരാഗം വിതറുന്ന കുയിലിനേയും പ്രോത്സാഹനം കൊള്ളിച്ചു അതില്‍ ആഹ്ലാദിക്കുന്ന പക്ഷികളും മൃഗങ്ങളും കളകളമൊഴികിപ്പോകുന്ന അരുവികള്‍ ചഞ്ചാട്ടമാടുന്ന വൃക്ഷങ്ങള്‍ .ഇതെല്ലാം നടക്കുന്നത് ആ പെണ്‍കുട്ടിക്ക് ചുറ്റുമാണ് .ഒരു കുന്നിന്‍ചെരുവിലെ കൊച്ചുവീട്ടില്‍ ആ പെണ്‍കുട്ടിയും മാതാവും തനിച്ചാണ് താമസിക്കുന്നത് .

വര്‍ഷങ്ങളായി ആ പെണ്‍കുട്ടി ചലിക്കാത്ത കൈ കാലുകള്‍ അന്ധതയുടെ ഇരുട്ടില്‍ തെന്നി നീങ്ങുന്ന കണ്ണുകളുമായി ആ പെണ്‍കുട്ടി ദുഖത്തിന്റെ ഇരുളറക്കുള്ളിലാണ്. സന്തോഷമെന്ന മനസ്സിന്റെ ശാഖ അവളില്‍ നിന്നും അറ്റുപോയിരിക്കുകയാണ് .എന്നാല്‍ ഈ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആശങ്ക ഒന്ന് മാത്രമായിരുന്നു . നിര്‍ജീവമായിക്കിടക്കുന്ന എന്റെ ഈ ശരീരം അമ്മക്ക് വലിയ ഭാരമായി തീരുമോ എന്നാണ്.എന്നാല്‍ അവളുടെ ഈ ആശങ്കക്ക് മേലെ ആശ്വാസമായത് അമ്മയുടെ സ്നേഹത്തിന്റെ ആഴം മാത്രമാണ് .സന്തോഷം എന്നാ ആശ്വാസം അവളറിയുന്നത് അത്തരം നിമിഷങ്ങളിലാണ്. ഇരുട്ടിന്റെ മറവിലും വിശ്വാസവും പ്രകാശവും നിറഞ്ഞു നിന്നിരുന്നത് അവളുടെ അമ്മയുടെ മനസ്സിലാണെന്ന് അവള്‍ വിശ്വസിച്ചു.


അമ്മയ്ക്കും അവളെ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള മനസ്സ് ഉണ്ടായിരുന്നില്ല . സ്വന്തം മകള്‍ സന്തോഷത്തിലും സമാധാനത്തിലും സുഖത്തിലും ഏതൊരു അമ്മയും ചിന്തിച്ചുപോകും.എങ്കിലും ആ പെണ്‍കുട്ടിയുടെ അമ്മയ്ക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അവര്‍ക്ക് അതിനുള്ള സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവളുടെ വൈകല്യത്തിന്റെ വേദനകള്‍ പരമാവധി അകറ്റി നിറുത്താന്‍ അമ്മ ശ്രമിച്ചിരുന്നു .

അങ്ങനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെങ്കില്‍ തന്നെ അവളുടെ ദുഖത്തിന്റെ ആഴം ദൈവം മനസ്സിലാക്കുന്നില്ലല്ലോ എന്ന വേദനയില്‍ അവള്‍ കഴിഞ്ഞു . അത് മനസ്സിലാക്കിയ അമ്മ തന്റെ കുഞ്ഞിന്റെ യവ്വനത്തിലെ ആഹ്ലാദങ്ങള്‍ പകര്‍ന്നു കൊടുത്തു .എങ്ങിനെയെന്നാല്‍ തന്റെ കണ്ണുകള്‍ മകള്‍ക്കായി നല്‍കി .തന്റെ ഒരു വൃക്ക വിറ്റു പണമുണ്ടാക്കി തന്റെ കുഞ്ഞിന്റെ കൈ കാലുകളുടെ വൈകല്യം മാറ്റിയെടുക്കാനുള്ള ചികിത്സകള്‍ ചെയ്തു .അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ മകളുടെ എല്ലാ വിധ കഴിവുകളും ലഭ്യമായി. പക്ഷെ ഇതിനെല്ലാം കാരണം അവളുടെ അമ്മയണെന്നറിഞ്ഞു അവളുടെ കണ്ണുകള്‍ നിറഞ്ഞു

പിന്നീട് ദിവസങ്ങള്‍ക്കു ശേഷം മകള്‍ തനിച്ചിരിക്കുമ്പോള്‍ അമ്മ മകളോട് ആവശ്യപ്പെട്ടു എനിക്ക് നിന്റെ കൈ പിടിച്ചു കളകളമൊഴുകുന്ന അരുവിയുറ്റെ തീരത്ത്കൂടി നടക്കണം. അമ്മയുടെ ആവശ്യപ്രകാരം മകള്‍ അമ്മയുടെ കൈ പിടിച്ചു കുറെ ദൂരം നടന്നു .അത് കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ മകള്‍ കരയുന്നത് കേട്ട് അമ്മ ചോദിച്ചു "എന്താ മോളെ നി കരയുന്നത് " ഇനിയും നിനക്ക് വല്ല ആഗ്രഹവും ഉണ്ടോ .കരഞ്ഞു കൊണ്ടിരിക്കുന്ന മകള്‍ തന്റെ കണ്ണിന്‍ തടത്തിലെ കണ്ണുനീര്‍ തുടച്ചുമാറ്റി അമ്മയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു പറഞ്ഞു "ഇനി എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉള്ളൂ എന്റെ മരണം വരെ അമ്മയുടെ കൂടെ സന്തോഷമായി ജീവിക്കണം. ഒരു ദു:ഖവും കൂടി എനിക്കുണ്ട് അമ്മയുടെ സന്തോഷം ഇല്ലാതാക്കിയൊരു ആഹ്ലാദപൂര്‍ണ്ണമുള്ള ഒരു ജീവിതം ഞാന്‍ വെറുക്കുന്നു.ഇത് കേട്ടപാടെ അമ്മ മകളെ തന്റെ മടിയില്‍ കിടത്തിയിട്ട് പൊട്ടിക്കരഞ്ഞു. തന്റെ മകളുടെ ശിരസ്സില്‍ തലോടി അങ്ങിനെ കുറെ നേരം ഇരുന്നു

അപ്പോളാണ് അവര്‍ക്കുമുന്നില്‍ ഒരു നല്ല വസ്ത്രം ധരിച്ചു ആഭരണങ്ങളാല്‍ നിറഞ്ഞു, പ്രകാശത്തിന്റെ പ്രതീതിയായി ഒരു സഹോദരി പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ സങ്കടങ്ങള്‍ ദൈവം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഉടന്‍ തന്നെ സന്തോഷത്തിന്റെ സൂചന കൈവരും .അതോടു കൂടി അമ്മയുടെ കാഴ്ചശക്തി തിരിച്ചു കിട്ടും. എന്ന് പറഞ്ഞു അവര്‍ക്ക് മുന്നില്‍ നിന്നും ആ സ്ത്രീ രൂപം അപ്രത്യക്ഷമായി

______________________________

(14) സന

ഏകാന്തതയുടെ ആഴങ്ങള്‍ ( കവിത )സ്വപ്നങ്ങളേറെ ഉണ്ടെങ്കിലും
ദുഖങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ
എന്റെ മനസ്സിലെ ഏകാന്ത ഭൂമിയില്‍
ആരും ഇതുവരെ നോക്കിയില്ല
ആരും വെറുക്കുമെന്‍ ഏകയാം ജീവതം
ആരും കാണാതെ മായ്ക്കേണമോ

ഒരു ചെറുതുമ്പിയെ കല്ലെടുപ്പിക്കും പോല്‍
വിധികള്‍ എന്നെ വേദനിപ്പിക്കുന്നുവോ
മാനവര്‍ തന്‍ മനങ്ങള്‍ ഇത്രയ്ക്കു കഠിനമോ
കണ്ടിട്ടും കാണാതെയിരിക്കുന്നതോ
വെളിച്ചമെന്നെ പിന്തുടരും നേരത്ത്
തുണക്കു നില്‍ക്കുന്നു ആയിരങ്ങള്‍
ഇരുട്ടെന്‍ വഴിയില്‍ സ്പര്‍ശിക്കും നേരത്ത്
പകച്ചു നില്‍ക്കുന്നു പതിനായിരങ്ങള്‍.

എന്റെ തിരിവിളക്കിന്‍ പ്രകാശത്തില്
എരിയുന്ന ദീപത്തിന്‍ അന്ത്യമായി
എന്റെയീ ഏകാന്ത ജീവിതത്തെ
വിധികളാല്‍ മെല്ലെ മൂടിടട്ടെ.
________________________
നസ്റിയ. ടി.ബി (13)

ഉമൈമയുടെ നൊമ്പരം


ഒരു ഒഴിഞ്ഞ പ്രദേശം. അവിടെ ഒറ്റപ്പെട്ടു കിടക്കുന്ന ആ കൊച്ചു വീട്ടിൽ താമസിക്കുന്നവരാണ്‌ അബുവും ഭാര്യ ഉമൈമയും. അബു ഒരു ക്യാൻസർ രോഗിയാണ്‌. മക്കൾ ആരിഫയും, അഷറഫും ഉന്നത വിദ്യഭ്യാസം കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്നു. അബു അസുഖം കാരണം തീരെ കിടപ്പിലാണ്‌. ഉമൈമയുടെ ബുദ്ധിമുട്ടുകൾ വർദ്ധിച്ചു വരാൻ തുടങ്ങി. അങ്ങിനെയിരിക്കെയാണ്‌ അബുവിന്റെ അസുഖം കൂടിയത്.

അബുവിന്‌ മക്കളെ കാണാനുള്ള ആഗ്രഹം ഉമൈമയെ അറിയിച്ചു. ഇതു കേട്ടപ്പോൾ ഉമൈമയുടെ കണ്ണൂകൾ നിറഞ്ഞൊഴുകി. അവർ മക്കൾക്കു ഫോൺ ചെയ്തു വിവരം അറിയിച്ചു. ജോലിത്തിരക്കു മൂലം മക്കൾക്ക് വരാൻ കഴിയില്ല എന്നു അവർ പറഞ്ഞ വിവരം ഉമൈമ അബുവിനോട് പറഞ്ഞില്ല. മക്കൾ വരുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കിയ അബു 2 മാസത്തിനു ശേഷം അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായി. മരണ വിവരം അറിഞ്ഞിട്ടും മക്കൾ വന്നില്ല. കുറച്ചു നാളുകൾക്ക് ശേഷം ആരിഫയുടെ മകൻ മുഹമ്മദിനെ ഉമൈമയുടെ അടുത്തേക്ക് അയച്ചു. 10 വയസ്സാകുന്നതുവരെ ഉമൈമയോടൊപ്പം താമസിച്ച മുഹമ്മദിനു വെല്ലിമ്മയെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയായി.

ഉമൈമക്ക് വയസ്സായി തുടങ്ങി. വിദേശത്തുള്ള ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ മക്കൾ അബുവിനു സമ്പാദ്യങ്ങൾ ഒന്നും ഇല്ല എന്നു മനസ്സിലാക്കിയപ്പോൾ ഉണ്ടായിരുന്ന സ്ഥലം വിറ്റ് പങ്കിട്ടെടുത്തു. ഉമൈമ തെരുവിൽ ജീവിക്കേണ്ട അവസ്ഥയിലായി. വർഷങ്ങൾക്കു ശേഷം ഒരു റമദാൻ മാസം ഉമൈമ സകാത്തിനായി വീടുകൾ തോറും കയറി ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി മകൾ ആരിഫയുടെ വീട്ടിലും എത്തി. അത് ആരിഫയുടെ വീടാണെന്നു ഉമൈമക്ക് അറിയുകയുമില്ലായിരുന്നു. ക്ഷീണം തീർക്കാനായി അല്പസമയം വീടിന്റെ വരാന്തയിൽ ഇരുന്ന ഉമൈമക്ക് ഒരു സ്വപ്നം പോലെ “വെല്ലിമ്മ” എന്നൊരു വിളികേട്ടു. പ്രായം മറന്നു ചാടിയെണീറ്റ് ചുറ്റും നോക്കിയപ്പോൽ മുമ്പിൽ മുഹമ്മദ്. ഉമൈമയുടെ കണ്ണുകളിൽ നിന്നും സന്തോഷത്തിന്റെ താമരമൊട്ടുകൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. അപ്പോൾ വീട്ടിനുള്ളിൽ നിന്നും മോനേ എന്നൊരു വിളി. ഉമൈമയെ കണ്ടവശം ആരിഫ മകനെ വീടിന്റെ ഉള്ളിലാക്കി വാതിലടച്ചു.

സങ്കടം സഹിക്കാനാകാതെ ഉമൈമ കണ്ണീരോടെ മടങ്ങി. തെരുവിൽ പട്ടിണി കിടന്നും നരകിച്ചും, പഴയകാലങ്ങൾ ഓർത്തുകൊണ്ടും സമനില തെറ്റിയ ഉമൈമയും ഒരു വാഹന അപകടത്തിലൂടെ അല്ലാഹുവിന്റെ അടുത്തേക്ക് യാത്രയായി.
-----------------------------
ജാസ്മിൻ (12)

ഹൃദയത്തിലെ സ്വഗ്ഗത്തോപ്പ്


ഒരിടത്ത് ഒരു വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു. അഞ്ചന എന്നായിരുന്നു അവളുടെ പേര്‌. അവളുടെ അഛനും അമ്മക്കും അവർ മാത്രമായിരുന്നു മക്കളായി ഉണ്ടായിരുന്നത്. നന്നായി പഠിച്ചിരുന്ന അവൾ എന്ത് ആവശ്യപ്പെട്ടാലും അതു നിറവേറ്റിക്കൊടുത്തിരുന്നു അവളുടെ അഛനും അമ്മയും.

അങ്ങിനെ ഒരു ദിവസം അവൾ അവളുടെ ഒരു ആഗ്രഹം അഛനെ അറിയിച്ചു. ഒരു പൂന്തോട്ടം നിർമ്മിക്കണം. അതിനു അവൾക്ക് ചെടികൾ വേണം. ഇതു കേട്ടപ്പോൾ അഛൻ പറഞ്ഞു. “ശരി മോളെ, നീ പറഞ്ഞതുപോലെ ഞാൻ നാളെ ചെടികൾ വാങ്ങിക്കൊണ്ടു വരാം. ഇപ്പോൾ നീ പോയി കിടന്നുറങ്ങിക്കോളൂ.”

പിറ്റേന്ന് അഞ്ചന ഉറക്കിൽ നിന്നും എഴുന്നേറ്റപ്പോൾ അവൾക്ക് പൂന്തോട്ടത്തിന്റെ കാര്യം ഓർമ്മ വന്നത്. അവൾ വേഗം തന്നെ ചാടിയെഴുന്നേറ്റ് അമ്മയുറ്റെ അടുക്കലേക്ക് ചെന്നു. “അഛൻ എന്ത്യേ അമ്മേ?” “ നിനക്ക് പൂന്തോട്ടം ഉണ്ടാക്കാനുള്ള ചെടികൾ വാങ്ങാൻ പോയിരിക്കുന്നു” അമ്മ മറുപടി പറഞ്ഞു. “എങ്കിൽ ഞാൻ പോയി കുളിക്കട്ടെ” അവൾ പറഞ്ഞു. കുളി കഴിഞ്ഞ് വരുമ്പോഴേക്കും അഛൻ ചെടികളും വാങ്ങി വന്നിട്ടുണ്ടായിരുന്നു.

അവളും അഛനും കൂടിവീടിന്റെ മുമ്പിൽ പൂന്തോട്ടത്തിനുള്ള സ്ഥലം കണ്ടെത്തി അവിടെ അവർ പൂന്തോട്ടം നിർമ്മിക്കുവാൻ തുടങ്ങി. അതിൽ റോസ്, മുല്ല, ജമന്തി, ചെണ്ടുമല്ലി, ഡാലിയ, ചെത്തി തുടങ്ങിയ നിരവധി പൂക്കൾ നട്ടുപിടിപ്പിച്ചു. രാവിലെയും വൈകുന്നേരവും എന്നും മുടങ്ങാതെ നനക്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പൂക്കൾ ഉണ്ടാകാൻ തുടങ്ങി. അവൾക്ക് വളരെ അധികംസന്തോഷം തോന്നി ആ പൂക്കളെ സ്നേഹിക്കാനും തുടങ്ങി.

അധികം വൈകാതെ അവളുടെ പൂന്തോട്ടത്തെക്കുറിച്ച് സ്കൂളിലെ ടീച്ചറും, കുട്ടികളും അറിഞ്ഞു അഞ്ചനയെ പ്രശംസിച്ചു.ഒരു ദിവസം പൂന്തോട്ടത്തിലേക്ക് കടന്നപ്പോൾ കാണുന്നത് ഒരു സ്വപ്നമാണൊ എന്നു തോന്നിപ്പോയി. പൂന്തോട്ടം നിറയെ പലനിറങ്ങളാൽ പൂത്തു നില്ക്കുന്ന പൂക്കൾ, അതിലിരുന്ന് തേൻ കുടിക്കുന്ന വണ്ടുകളും, പൂമ്പാറ്റകളും. അപ്പോൽ അവളുടെ മനസ്സ് പറഞ്ഞു “ ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് എന്റെ ഈ പൂന്തോട്ടമാണ്‌. ഇത് വെറും പൂന്തോട്ടമല്ല, എന്റെ ഹൃദയത്തിലെ സ്വർഗ്ഗത്തോപ്പാണ്‌”

അവളുടെ പൂന്തോട്ടത്തെ കുറിച്ച് അവൾ ഇങ്ങനെ പാടി.
“എന്റെ മനസ്സിലെ സ്വർഗ്ഗത്തോപ്പിൽ
ഞാനും എന്റെ പൂക്കളും മാത്രം
കൂട്ടിന്നായ് എനിക്കെന്റെ അഛനും അമ്മയും”

താമസിയാതെ സുന്ദരമായ ആ പൂന്തോട്ടത്തെ കുറിച്ച് നാട്ടുകാരെല്ലാം അറിഞ്ഞു അവർ സന്ദർശിക്കാൻ വന്നു തുടങ്ങി. നാട്ടുകാരെല്ലാം ചേർന്ന് അവളെ അനുമോദിച്ചു.
-----------------------------------
നാസിഹ. എം.എൻ (12)

അദ്ധ്യാപകന്റെ വാക്കുകൾ

പതിവുപോലെ സലിം തന്റെ കമ്പിളിപ്പുതപ്പ് മുഖത്തുനിന്നും അല്പം മാറ്റി കണ്ണൊന്നു തിരുമ്മി ക്ലോക്കിലെക്കൊന്നു നോക്കിയിട്ട് വീണ്ടും പുതപ്പിന്നടിയിൽ ചുരുണ്ട് കിടന്നു. അപ്പോഴാണ്‌ ഉമ്മയുടെ ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങിയത്. “ എടാ സലീമേ... എണീക്കെടാ നീ മദ്രസ്സയിൽ പോകുന്നില്ലെ? നേരം 6 മണി കഴിഞ്ഞു.‘ എന്നിട്ടും അവൻ എഴുന്നേറ്റിട്ടില്ല. ” വേഗം എഴുന്നേറ്റ് പല്ലുതേച്ച് കുളിക്ക് അപ്പോഴേക്കും ഉമ്മ ചായ എടുത്തു വെക്കാം“ അങ്ങിനെ സലീം കണ്ണു തിരുമ്മിക്കൊണ്ടു പുതപ്പിന്നടിയിൽ നിന്നും എഴുന്നേറ്റു. ” ഹെന്റെ റബ്ബേ.. 6 മണി കഴിഞ്ഞല്ലോ. ഇനി എപ്പോഴാ മദ്രസ്സയിൽ പോകുക“ ക്ലോക്കിൽ നോക്കി അവൻ ഒച്ച വെച്ചു.

സലീം വേഗം പല്ലു തേച്ച് മുഖം കഴുകി വന്നു.
”ഉമ്മാ.. ഉമ്മാ.. ഇവരിതെവിടെ പൊയി കെടക്കുന്നു.“
”ഞാനിവിടെ ഉണ്ടെടാ“ ഉമ്മ മറുപടി പറഞ്ഞു.
”ഇന്ന് എന്താണു ചായക്ക് കടിക്കാൻ ഉമ്മ ഉണ്ടാക്കിയിട്ടുള്ളത്“
”ഞാൻ അരിമണി വറുത്തു വെച്ചിട്ടുണ്ട്. നീ വരുമ്പോഴേക്കും ഞാൻ വല്ലതും ഉണ്ടാക്കി വെക്കാം“
”എന്ത്, അരിമണിയോ..കൊണ്ടുപോയിക്കൊ എന്റെ മുന്നീന്ന് പോരാതെ കട്ടൻ ചായയും. എനിക്കൊന്നും വേണ്ട ഇത്. കൊണ്ടുപോയി കളഞ്ഞൊ എവിടെയെങ്കിലും. എനിക്കിനി ഒന്നും വേണ്ട. ഞാൻ മദ്രസ്സയിൽ പോവ്വാണ്‌“
അവന്റെ അലട്ടുന്ന ശബ്ദം കേട്ടപ്പോൾ ഉമ്മാന്റെ നെഞ്ചൊന്ന് കാളി. ” എടാ സലീമേ.. നീ എന്തെങ്കിലും കഴിച്ചിട്ടു പോ മോനെ. നിനക്കു വിശക്കില്ലെ“ സലിം അതൊന്നും വക വെക്കാതെ ഉമ്മന്റെ വാക്കു ധിക്കരിച്ച് കൊണ്ട് പോയി.

മദ്രസ്സയിൽ എത്തി കൂട്ടുകാരന്മാരോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഉസ്താദ് ക്ലാസ്സിലേക്ക് കടന്നു വന്നു. പാഠപുസ്തകം എടുക്കാൻ ആവശ്യപ്പെട്ടു. അന്ന് ഉസ്താദ് എടുത്ത പാഠത്തിലെ വിഷയം മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചായിരുന്നു. ഉസ്താദ് പറയാൻ തുടങ്ങി” മാതാപിതാക്കളെ നാം അനുസരിക്കണം, അവരെ ബഹുമാനിക്കണം, അവരുടെ വാക്കുകൾ ധിക്കരിക്കരുത്. അവരോട് ദേഷ്യപ്പെടരുത്.“

ഇതെല്ലാം കേട്ടപ്പോൾ സലീമിന്റെ നെഞ്ച് കാളി. പടച്ചറബ്ബേ.. ഞാൻ ഇന്നു കാലത്ത് ഉമ്മാനെ എന്തൊക്കെയാണ്‌ പറഞ്ഞത്. എന്തു മാത്രം നോവിച്ചു.എത്രമാത്രം വിഷമിച്ചു കാണും എന്റെ ഉമ്മ. എന്റെ പാവം ഉമ്മ. പടച്ച റബ്ബേ എന്നോട് പൊറുക്കണേ. ഞാൻ അറിയാതെ ചെയ്തു പോയതാണ്‌. വേഗ്ഗം ബെല്ലടിക്കണം, വീട്ടിൽ പോകണം, ഉമ്മാട് ക്ഷമ ചോദിക്കണം എന്നൊക്കെയായിരുന്നു അപ്പോൾ അവന്റെ മനസ്സിൽ . അങ്ങിനെ ഒരു കണക്കിന്‌ ബെല്ലടിച്ചു. ബെല്ലടിച്ചതും സലീം കൂട്ടുകാരെയൊന്നും വിളിക്കാതെ വേഗം വീട്ടിലേക്കോടി.

കിതച്ചുകൊണ്ടായിരുന്നു അവന്റെ വരവ്. ഉമ്മാ.. ഉമ്മാ.. അവന്റെ നിലവിളി കേട്ടതും അടുക്കളയിൽ ജോലി ചെയ്തിരുന്ന ഉമ്മ ഓടിപ്പിടഞ്ഞ് ഉമ്മറത്തേക്ക് വന്നു. പരിഭ്രാന്തനായ മകന്റെ മുഖം കണ്ട് ഉമ്മ ചോദിച്ചു. ” എന്താ മോനെ. നിനക്കെന്തു പറ്റി.? എന്തെങ്കിലും ഒന്ന് പറയ് മോനെ. അല്ലാഹ് എന്റെ മോൻക്കിതെന്തു പറ്റി.“ അപ്പോൾ സലീം ചിന്തിച്ചു. ഇത്രയൊക്കെ ഞാൻ ഉമ്മനെ ചീത്ത പറഞ്ഞെങ്കിലും കൂടി ഉമ്മാക്ക് എന്തൊരു സ്നേഹമാണ്‌. ഉമ്മ പറയുന്നതൊന്നും സലീം കേൾക്കുന്നുണ്ടായിരുന്നില്ല.

ഒടുവിൽ സലീമിന്റെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട് ഉമ്മ ചോദിച്ചു ”നിനക്കെന്തു പറ്റി?“ പതിഞ്ഞ ശബ്ദത്തിൽ സലീം പറഞ്ഞു ”എനിക്കൊന്നും പറ്റിയിട്ടില്ല എന്റെ ഉമ്മാ. ഉമ്മാ എന്നോട് ക്ഷമിക്കണം. ഉമ്മാനെ ഞാൻ ഇന്ന് രാവിലെ എത്രമാത്രമാണ്‌ ചീത്ത പറഞ്ഞത്. ഞാൻ എന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തതാണെന്ന്“ പറഞ്ഞ് തീർന്നതും ഉമ്മാനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ”അതിന്‌ ഞാനിതൊക്കെ എപ്പൊഴേ മറന്നു. നിനക്ക് അറിയാതെ പറ്റിപ്പോയതല്ലെ. . ഞാനതൊക്കെ ക്ഷമിച്ചു“ എന്നു പറഞ്ഞ് ഉമ്മ സലീമിന്റെ തലയിൽ തലോടിക്കൊണ്ട് ആശ്വസിപ്പിക്കാൻ തുടങ്ങി. അതു കേട്ടതും സലീമിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുവാൻ തുടങ്ങിയിരുന്നു.
-------------------------------------

നസ്റിയ സെയ്തു (13)

എന്റെ അയല്പക്കത്തെ കൂട്ടുകാർ.


വിശാലമായി പരന്നു കിടക്കുന്ന വയൽ. അതിന്റെ അടുക്കൽ ഓലകൊണ്ടു മേഞ്ഞ ഒരു കുടിൽ. അതിൽ അഛനും, അമ്മയും, ഒന്നും രണ്ടും ക്ലാസ്സുകളിലായി പഠിക്കുന്ന 2 കുട്ടികളും ഉണ്ട്. രണ്ടു പേർക്കും സ്കൂളിൽ പോകുമ്പോൾ ധരിക്കാൻ പുതിയ വസ്ത്രങ്ങളില്ല, കഴിക്കുവാൻ നല്ല ഭക്ഷണമില്ല. വീട്ടിലെ അവസ്ഥ വളരെ മോശവും. ഈ ദാരിദ്ര്യത്തിന്നിടയിലും രണ്ടു പേരും നന്നായി പഠിക്കുന്നു.

അവരുടെ അഛന്‌ കൂലിപ്പണിയും അമ്മ അടുത്തുള്ള വീടുകളിൽ വീട്ടുവേലയും ചെയ്താണ്‌ ജീവിക്കുന്നതു. പലപ്പോഴും തലെദിവസത്തെ കഞ്ഞിവെള്ളവും, കപ്പയും കഴിച്ചാണു കുട്ടികൾ രണ്ടു പേരും സ്കൂളിലേക്ക് പോകാറുള്ളത്. ചിലപ്പോൾ അതും ഉണ്ടാകാറില്ല.

എന്നും രാത്രിയാകുമ്പോൾ പഠിപ്പെല്ലാം കഴിഞ്ഞ് അഛനെയും കാത്ത് ഉമ്മറപ്പടിയിൽ ഇരിക്കും. അന്ന് നേരം ഏറെയായിട്ടും അഛനെ കാണുന്നില്ലെന്നു അമ്മയോടു പറഞ്ഞപ്പോൾ വരുമെന്നു പറഞ്ഞ്‌ അമ്മ അവരെ സമാധാനിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ടാളുകൾ അവരുടെ വീട്ടിലേക്ക് വരുന്നതു കണ്ടപ്പോൾ സന്തോഷം കൊണ്ട് ആ കുട്ടികൾ തുള്ളിച്ചാടി. പക്ഷേ അതിൽ അവരുടെ അഛൻ ഉണ്ടായിരുന്നില്ല. കൂടെ പണിയെടുക്കുന്നവരായിരുന്നു. തിരിച്ചുവരുന്ന വഴിയിൽ ബസ്സിൽ നിന്നും വീണു പരിക്ക് പറ്റിയ അവരുടെ അഛൻ ആശുപത്രിയിലായ വിവരം പറയാനായിരുന്നു അവർ വന്നത്‌. അതോടെ അവരുടെ അഛ്ന്‌ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായി.

രാവിലെ മുതൽ തന്നെ ജോലിക്കു പോകുന്ന അമ്മക്ക് കിട്ടുന്ന പണം കൊണ്ട് അഛന്‌ മരുന്നു വാങ്ങാനും വീട്ടാവശ്യത്തിനും തികയാതെ വന്നുതുടങ്ങി. താമസിയാതെ അതിൽ മൂത്ത കുട്ടി സ്കൂൾ പഠനം നിറുത്തി ചെറിയ ജോലികൾക്കായി പോകാൻ തുടങ്ങി. ഇതു കണ്ട് സഹതാപം തോന്നിയ ചിലർ അവരെ സഹായിക്കുന്നുണ്ട്. എങ്കിലും അഛന്‌ അപകടം പറ്റിയില്ലായിരുന്നുവെങ്കിൽ പട്ടിണി ഇല്ലാതെ ജീവിക്കാമായിരുന്നു എന്നു സങ്കടപ്പെട്ടിരുന്നു രണ്ടു കുട്ടികളും.

ഇങ്ങനെ ദാരിദ്ര്യത്തിലെ ജീവിക്കുന്ന എത്രയോപേർ നമ്മുടെ ചുറ്റിലും ഉണ്ട്. അവർ എങ്ങിനെ ജീവിക്കുന്നുവെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. നമുക്ക് കഴിയാവുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുത്താൽ അവർക്കും നമുക്കിടയിൽ നമ്മളെപ്പോലെ ജീവിക്കാൻ കഴിയില്ലേ...

----------------------------------
ഷംസീന.കെ.ബി (11)