
വിശാലമായി പരന്നു കിടക്കുന്ന വയൽ. അതിന്റെ അടുക്കൽ ഓലകൊണ്ടു മേഞ്ഞ ഒരു കുടിൽ. അതിൽ അഛനും, അമ്മയും, ഒന്നും രണ്ടും ക്ലാസ്സുകളിലായി പഠിക്കുന്ന 2 കുട്ടികളും ഉണ്ട്. രണ്ടു പേർക്കും സ്കൂളിൽ പോകുമ്പോൾ ധരിക്കാൻ പുതിയ വസ്ത്രങ്ങളില്ല, കഴിക്കുവാൻ നല്ല ഭക്ഷണമില്ല. വീട്ടിലെ അവസ്ഥ വളരെ മോശവും. ഈ ദാരിദ്ര്യത്തിന്നിടയിലും രണ്ടു പേരും നന്നായി പഠിക്കുന്നു.
അവരുടെ അഛന് കൂലിപ്പണിയും അമ്മ അടുത്തുള്ള വീടുകളിൽ വീട്ടുവേലയും ചെയ്താണ് ജീവിക്കുന്നതു. പലപ്പോഴും തലെദിവസത്തെ കഞ്ഞിവെള്ളവും, കപ്പയും കഴിച്ചാണു കുട്ടികൾ രണ്ടു പേരും സ്കൂളിലേക്ക് പോകാറുള്ളത്. ചിലപ്പോൾ അതും ഉണ്ടാകാറില്ല.
എന്നും രാത്രിയാകുമ്പോൾ പഠിപ്പെല്ലാം കഴിഞ്ഞ് അഛനെയും കാത്ത് ഉമ്മറപ്പടിയിൽ ഇരിക്കും. അന്ന് നേരം ഏറെയായിട്ടും അഛനെ കാണുന്നില്ലെന്നു അമ്മയോടു പറഞ്ഞപ്പോൾ വരുമെന്നു പറഞ്ഞ് അമ്മ അവരെ സമാധാനിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ടാളുകൾ അവരുടെ വീട്ടിലേക്ക് വരുന്നതു കണ്ടപ്പോൾ സന്തോഷം കൊണ്ട് ആ കുട്ടികൾ തുള്ളിച്ചാടി. പക്ഷേ അതിൽ അവരുടെ അഛൻ ഉണ്ടായിരുന്നില്ല. കൂടെ പണിയെടുക്കുന്നവരായിരുന്നു. തിരിച്ചുവരുന്ന വഴിയിൽ ബസ്സിൽ നിന്നും വീണു പരിക്ക് പറ്റിയ അവരുടെ അഛൻ ആശുപത്രിയിലായ വിവരം പറയാനായിരുന്നു അവർ വന്നത്. അതോടെ അവരുടെ അഛ്ന് എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായി.
രാവിലെ മുതൽ തന്നെ ജോലിക്കു പോകുന്ന അമ്മക്ക് കിട്ടുന്ന പണം കൊണ്ട് അഛന് മരുന്നു വാങ്ങാനും വീട്ടാവശ്യത്തിനും തികയാതെ വന്നുതുടങ്ങി. താമസിയാതെ അതിൽ മൂത്ത കുട്ടി സ്കൂൾ പഠനം നിറുത്തി ചെറിയ ജോലികൾക്കായി പോകാൻ തുടങ്ങി. ഇതു കണ്ട് സഹതാപം തോന്നിയ ചിലർ അവരെ സഹായിക്കുന്നുണ്ട്. എങ്കിലും അഛന് അപകടം പറ്റിയില്ലായിരുന്നുവെങ്കിൽ പട്ടിണി ഇല്ലാതെ ജീവിക്കാമായിരുന്നു എന്നു സങ്കടപ്പെട്ടിരുന്നു രണ്ടു കുട്ടികളും.
ഇങ്ങനെ ദാരിദ്ര്യത്തിലെ ജീവിക്കുന്ന എത്രയോപേർ നമ്മുടെ ചുറ്റിലും ഉണ്ട്. അവർ എങ്ങിനെ ജീവിക്കുന്നുവെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. നമുക്ക് കഴിയാവുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുത്താൽ അവർക്കും നമുക്കിടയിൽ നമ്മളെപ്പോലെ ജീവിക്കാൻ കഴിയില്ലേ...
----------------------------------
ഷംസീന.കെ.ബി (11)
No comments:
Post a Comment