Thursday 29 September 2011

അദ്ധ്യാപകന്റെ വാക്കുകൾ

പതിവുപോലെ സലിം തന്റെ കമ്പിളിപ്പുതപ്പ് മുഖത്തുനിന്നും അല്പം മാറ്റി കണ്ണൊന്നു തിരുമ്മി ക്ലോക്കിലെക്കൊന്നു നോക്കിയിട്ട് വീണ്ടും പുതപ്പിന്നടിയിൽ ചുരുണ്ട് കിടന്നു. അപ്പോഴാണ്‌ ഉമ്മയുടെ ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങിയത്. “ എടാ സലീമേ... എണീക്കെടാ നീ മദ്രസ്സയിൽ പോകുന്നില്ലെ? നേരം 6 മണി കഴിഞ്ഞു.‘ എന്നിട്ടും അവൻ എഴുന്നേറ്റിട്ടില്ല. ” വേഗം എഴുന്നേറ്റ് പല്ലുതേച്ച് കുളിക്ക് അപ്പോഴേക്കും ഉമ്മ ചായ എടുത്തു വെക്കാം“ അങ്ങിനെ സലീം കണ്ണു തിരുമ്മിക്കൊണ്ടു പുതപ്പിന്നടിയിൽ നിന്നും എഴുന്നേറ്റു. ” ഹെന്റെ റബ്ബേ.. 6 മണി കഴിഞ്ഞല്ലോ. ഇനി എപ്പോഴാ മദ്രസ്സയിൽ പോകുക“ ക്ലോക്കിൽ നോക്കി അവൻ ഒച്ച വെച്ചു.

സലീം വേഗം പല്ലു തേച്ച് മുഖം കഴുകി വന്നു.
”ഉമ്മാ.. ഉമ്മാ.. ഇവരിതെവിടെ പൊയി കെടക്കുന്നു.“
”ഞാനിവിടെ ഉണ്ടെടാ“ ഉമ്മ മറുപടി പറഞ്ഞു.
”ഇന്ന് എന്താണു ചായക്ക് കടിക്കാൻ ഉമ്മ ഉണ്ടാക്കിയിട്ടുള്ളത്“
”ഞാൻ അരിമണി വറുത്തു വെച്ചിട്ടുണ്ട്. നീ വരുമ്പോഴേക്കും ഞാൻ വല്ലതും ഉണ്ടാക്കി വെക്കാം“
”എന്ത്, അരിമണിയോ..കൊണ്ടുപോയിക്കൊ എന്റെ മുന്നീന്ന് പോരാതെ കട്ടൻ ചായയും. എനിക്കൊന്നും വേണ്ട ഇത്. കൊണ്ടുപോയി കളഞ്ഞൊ എവിടെയെങ്കിലും. എനിക്കിനി ഒന്നും വേണ്ട. ഞാൻ മദ്രസ്സയിൽ പോവ്വാണ്‌“
അവന്റെ അലട്ടുന്ന ശബ്ദം കേട്ടപ്പോൾ ഉമ്മാന്റെ നെഞ്ചൊന്ന് കാളി. ” എടാ സലീമേ.. നീ എന്തെങ്കിലും കഴിച്ചിട്ടു പോ മോനെ. നിനക്കു വിശക്കില്ലെ“ സലിം അതൊന്നും വക വെക്കാതെ ഉമ്മന്റെ വാക്കു ധിക്കരിച്ച് കൊണ്ട് പോയി.

മദ്രസ്സയിൽ എത്തി കൂട്ടുകാരന്മാരോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഉസ്താദ് ക്ലാസ്സിലേക്ക് കടന്നു വന്നു. പാഠപുസ്തകം എടുക്കാൻ ആവശ്യപ്പെട്ടു. അന്ന് ഉസ്താദ് എടുത്ത പാഠത്തിലെ വിഷയം മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചായിരുന്നു. ഉസ്താദ് പറയാൻ തുടങ്ങി” മാതാപിതാക്കളെ നാം അനുസരിക്കണം, അവരെ ബഹുമാനിക്കണം, അവരുടെ വാക്കുകൾ ധിക്കരിക്കരുത്. അവരോട് ദേഷ്യപ്പെടരുത്.“

ഇതെല്ലാം കേട്ടപ്പോൾ സലീമിന്റെ നെഞ്ച് കാളി. പടച്ചറബ്ബേ.. ഞാൻ ഇന്നു കാലത്ത് ഉമ്മാനെ എന്തൊക്കെയാണ്‌ പറഞ്ഞത്. എന്തു മാത്രം നോവിച്ചു.എത്രമാത്രം വിഷമിച്ചു കാണും എന്റെ ഉമ്മ. എന്റെ പാവം ഉമ്മ. പടച്ച റബ്ബേ എന്നോട് പൊറുക്കണേ. ഞാൻ അറിയാതെ ചെയ്തു പോയതാണ്‌. വേഗ്ഗം ബെല്ലടിക്കണം, വീട്ടിൽ പോകണം, ഉമ്മാട് ക്ഷമ ചോദിക്കണം എന്നൊക്കെയായിരുന്നു അപ്പോൾ അവന്റെ മനസ്സിൽ . അങ്ങിനെ ഒരു കണക്കിന്‌ ബെല്ലടിച്ചു. ബെല്ലടിച്ചതും സലീം കൂട്ടുകാരെയൊന്നും വിളിക്കാതെ വേഗം വീട്ടിലേക്കോടി.

കിതച്ചുകൊണ്ടായിരുന്നു അവന്റെ വരവ്. ഉമ്മാ.. ഉമ്മാ.. അവന്റെ നിലവിളി കേട്ടതും അടുക്കളയിൽ ജോലി ചെയ്തിരുന്ന ഉമ്മ ഓടിപ്പിടഞ്ഞ് ഉമ്മറത്തേക്ക് വന്നു. പരിഭ്രാന്തനായ മകന്റെ മുഖം കണ്ട് ഉമ്മ ചോദിച്ചു. ” എന്താ മോനെ. നിനക്കെന്തു പറ്റി.? എന്തെങ്കിലും ഒന്ന് പറയ് മോനെ. അല്ലാഹ് എന്റെ മോൻക്കിതെന്തു പറ്റി.“ അപ്പോൾ സലീം ചിന്തിച്ചു. ഇത്രയൊക്കെ ഞാൻ ഉമ്മനെ ചീത്ത പറഞ്ഞെങ്കിലും കൂടി ഉമ്മാക്ക് എന്തൊരു സ്നേഹമാണ്‌. ഉമ്മ പറയുന്നതൊന്നും സലീം കേൾക്കുന്നുണ്ടായിരുന്നില്ല.

ഒടുവിൽ സലീമിന്റെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട് ഉമ്മ ചോദിച്ചു ”നിനക്കെന്തു പറ്റി?“ പതിഞ്ഞ ശബ്ദത്തിൽ സലീം പറഞ്ഞു ”എനിക്കൊന്നും പറ്റിയിട്ടില്ല എന്റെ ഉമ്മാ. ഉമ്മാ എന്നോട് ക്ഷമിക്കണം. ഉമ്മാനെ ഞാൻ ഇന്ന് രാവിലെ എത്രമാത്രമാണ്‌ ചീത്ത പറഞ്ഞത്. ഞാൻ എന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തതാണെന്ന്“ പറഞ്ഞ് തീർന്നതും ഉമ്മാനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ”അതിന്‌ ഞാനിതൊക്കെ എപ്പൊഴേ മറന്നു. നിനക്ക് അറിയാതെ പറ്റിപ്പോയതല്ലെ. . ഞാനതൊക്കെ ക്ഷമിച്ചു“ എന്നു പറഞ്ഞ് ഉമ്മ സലീമിന്റെ തലയിൽ തലോടിക്കൊണ്ട് ആശ്വസിപ്പിക്കാൻ തുടങ്ങി. അതു കേട്ടതും സലീമിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുവാൻ തുടങ്ങിയിരുന്നു.
-------------------------------------

നസ്റിയ സെയ്തു (13)

No comments:

Post a Comment