Thursday 29 September 2011

ഉമൈമയുടെ നൊമ്പരം


ഒരു ഒഴിഞ്ഞ പ്രദേശം. അവിടെ ഒറ്റപ്പെട്ടു കിടക്കുന്ന ആ കൊച്ചു വീട്ടിൽ താമസിക്കുന്നവരാണ്‌ അബുവും ഭാര്യ ഉമൈമയും. അബു ഒരു ക്യാൻസർ രോഗിയാണ്‌. മക്കൾ ആരിഫയും, അഷറഫും ഉന്നത വിദ്യഭ്യാസം കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്നു. അബു അസുഖം കാരണം തീരെ കിടപ്പിലാണ്‌. ഉമൈമയുടെ ബുദ്ധിമുട്ടുകൾ വർദ്ധിച്ചു വരാൻ തുടങ്ങി. അങ്ങിനെയിരിക്കെയാണ്‌ അബുവിന്റെ അസുഖം കൂടിയത്.

അബുവിന്‌ മക്കളെ കാണാനുള്ള ആഗ്രഹം ഉമൈമയെ അറിയിച്ചു. ഇതു കേട്ടപ്പോൾ ഉമൈമയുടെ കണ്ണൂകൾ നിറഞ്ഞൊഴുകി. അവർ മക്കൾക്കു ഫോൺ ചെയ്തു വിവരം അറിയിച്ചു. ജോലിത്തിരക്കു മൂലം മക്കൾക്ക് വരാൻ കഴിയില്ല എന്നു അവർ പറഞ്ഞ വിവരം ഉമൈമ അബുവിനോട് പറഞ്ഞില്ല. മക്കൾ വരുമെന്ന പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളിനീക്കിയ അബു 2 മാസത്തിനു ശേഷം അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായി. മരണ വിവരം അറിഞ്ഞിട്ടും മക്കൾ വന്നില്ല. കുറച്ചു നാളുകൾക്ക് ശേഷം ആരിഫയുടെ മകൻ മുഹമ്മദിനെ ഉമൈമയുടെ അടുത്തേക്ക് അയച്ചു. 10 വയസ്സാകുന്നതുവരെ ഉമൈമയോടൊപ്പം താമസിച്ച മുഹമ്മദിനു വെല്ലിമ്മയെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയായി.

ഉമൈമക്ക് വയസ്സായി തുടങ്ങി. വിദേശത്തുള്ള ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ മക്കൾ അബുവിനു സമ്പാദ്യങ്ങൾ ഒന്നും ഇല്ല എന്നു മനസ്സിലാക്കിയപ്പോൾ ഉണ്ടായിരുന്ന സ്ഥലം വിറ്റ് പങ്കിട്ടെടുത്തു. ഉമൈമ തെരുവിൽ ജീവിക്കേണ്ട അവസ്ഥയിലായി. വർഷങ്ങൾക്കു ശേഷം ഒരു റമദാൻ മാസം ഉമൈമ സകാത്തിനായി വീടുകൾ തോറും കയറി ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി മകൾ ആരിഫയുടെ വീട്ടിലും എത്തി. അത് ആരിഫയുടെ വീടാണെന്നു ഉമൈമക്ക് അറിയുകയുമില്ലായിരുന്നു. ക്ഷീണം തീർക്കാനായി അല്പസമയം വീടിന്റെ വരാന്തയിൽ ഇരുന്ന ഉമൈമക്ക് ഒരു സ്വപ്നം പോലെ “വെല്ലിമ്മ” എന്നൊരു വിളികേട്ടു. പ്രായം മറന്നു ചാടിയെണീറ്റ് ചുറ്റും നോക്കിയപ്പോൽ മുമ്പിൽ മുഹമ്മദ്. ഉമൈമയുടെ കണ്ണുകളിൽ നിന്നും സന്തോഷത്തിന്റെ താമരമൊട്ടുകൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. അപ്പോൾ വീട്ടിനുള്ളിൽ നിന്നും മോനേ എന്നൊരു വിളി. ഉമൈമയെ കണ്ടവശം ആരിഫ മകനെ വീടിന്റെ ഉള്ളിലാക്കി വാതിലടച്ചു.

സങ്കടം സഹിക്കാനാകാതെ ഉമൈമ കണ്ണീരോടെ മടങ്ങി. തെരുവിൽ പട്ടിണി കിടന്നും നരകിച്ചും, പഴയകാലങ്ങൾ ഓർത്തുകൊണ്ടും സമനില തെറ്റിയ ഉമൈമയും ഒരു വാഹന അപകടത്തിലൂടെ അല്ലാഹുവിന്റെ അടുത്തേക്ക് യാത്രയായി.
-----------------------------
ജാസ്മിൻ (12)

No comments:

Post a Comment